മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം വേണം -റഷീദ് മോര്യ


താനൂർ: താനൂരിൽ തീരത്ത് കടൽഭിത്തികൾ നിർമിച്ച് മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ഭയപ്പാടിന് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് നഗരസഭാധ്യക്ഷൻ റഷീദ് മോര്യ, കളക്ടർ വി.ആർ. വിനോദിന് നിവേദനം നൽകി. പുതിയ കടപ്പുറം, അഞ്ചുടി, ചീരാൻ കടപ്പുറം, എടക്കടപ്പുറം, ആൽബസാർ, കോർമൻ കടപ്പുറം ഭാഗങ്ങളിൽ ഫിഷിങ് ഗ്യാപ്പുകളിൽ അടിയന്തരമായി ശാസ്ത്രീയമായി കടൽഭിത്തികൾ നിർമിക്കണം.


നിലവിലുള്ള കടൽഭിത്തികൾക്കു മുകളിലൂടെ തിരമാല ഇടിച്ചുകയറി വീടുകൾ ഭീഷണി ഉയർത്തുകയാണ്. കഴിഞ്ഞദിവസം നിരവധി വീടുകളിലേക്ക് വെള്ളംകയറി നാശനഷ്ടങ്ങളുണ്ടായി. താനൂരിലെ മത്സ്യത്തൊഴിലാളികളുടെ വീടെന്ന സ്വപ്നമാണ് കടലമ്മ കവർന്നെടുക്കുന്നത്. തീരത്തെ റോഡുകൾ കടലെടുത്തിരിക്കുകയാണ്. അത്യാഹിതമുണ്ടായാൽ രക്ഷപ്പെടാനുള്ള ഗതാഗതമാർഗവും ഇതോടെ ഇല്ലാതാകുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ അധികാരികൾ തയ്യാറാകണമെന്നും താനൂർ തീരം നേരിട്ടുകണ്ട് ദുരിതം മനസ്സിലാക്കണമെന്നും നഗരസഭാധ്യക്ഷൻ കളക്ടറോട് അഭ്യർഥിച്ചു.


Post a Comment

Previous Post Next Post
Vartha Today