എലത്തൂർ: മുതിർന്ന കോൺഗ്രസ് നേതാവും കോൺഗ്രസ് ജില്ലാകമ്മിറ്റി മെമ്പറുമായ എരഞ്ഞിക്കൽ കളരിത്തറ അഹമ്മദ് വാഹനാപകടത്തിൽ മരിച്ചു. ഇന്ന് രാവിലെ പ്രഭാത സവാരിക്കിടെ മുൻ മന്ത്രി എ.സി ഷണ്മുഖദാസിൻ്റെ വീടായ യുവതയുടെ മുൻവശത്ത് വെച്ചാണ് അപകടം. പിന്നിൽ നിന്നും വന്ന ബൈക്ക് അദ്ദേഹത്തെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് കോഴിക്കോട് മൈത്ര ഹോസ്പിറ്റലിൽ ചികിത്സക്കിടെ രാത്രി ഏഴു മണിയോടെയാണ് മരണം സംഭവിച്ചത്.
1992 മുതൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അംഗമായി കോഴിക്കോട് ജില്ലയിൽ പാർട്ടിയുടെ നേതൃത്വ ചുമതല വഹിച്ചു വരികയായിരുന്നു. 1978ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പിളർപ്പിൽ ഇന്ദിരാഗാന്ധിയോടൊപ്പം ഉറച്ചുനിൽക്കുകയും 2005-ൽ കോൺഗ്രസിൻ്റെ രണ്ടാമത്തെ പിളർപ്പിൽ തന്റെ നേതാവായ കെ.കരുണാകരന്റെ നിലപാടിനോടൊപ്പം ഡിഐസി എന്ന രാഷ്ട്രീയ സംഘടനയുടെയും ജില്ലാ അംഗമെന്ന ചുമതല വഹിക്കുകയും ചെയ്തു. ഉറച്ച കരുണാകര അനുയായിരുന്ന അഹമ്മദ് കെ.കരുണാകരൻ തിരികെ കോൺഗ്രസിൽ എത്തിയപ്പോൾ തിരിച്ചു കോൺഗ്രസിൽ വീണ്ടും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അംഗമെന്ന തൻ്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു.
Post a Comment