ദുബായ് | അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കാന്‍ സാധ്യത. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ടീം മാര്‍ക്കറ്റിങ് ഡയറക്ടര്‍ ലിയാന്‍ഡ്രോ പീറ്റേഴ്‌സണ്‍ പറഞ്ഞു.
കേരളത്തില്‍ കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മന്ത്രിമാരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ഞങ്ങളുടെ ടീമിന് ഇന്ത്യയില്‍ ഇത്രയും ആരാധകരുണ്ടെന്നത് അഭിമാനമാണ്. അവര്‍ക്ക് മുന്നില്‍ കളിക്കാന്‍ ആഗ്രഹമുണ്ട്. സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും ലോകകപ്പിന് മുന്‍പുതന്നെ കേരളത്തില്‍ കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബറില്‍ ലയണല്‍ മെസ്സിയും ടീമും കേരളത്തില്‍ കളിക്കാനെത്തുമെന്ന് ഈവര്‍ഷമാദ്യമാണ് കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍ പ്രഖ്യാപിച്ചത്. എന്നാല്‍, പിന്നീട് ഇതുസംബന്ധിച്ച് ആശയക്കുഴപ്പങ്ങളും വിവാദങ്ങളുമുണ്ടായി. ഒക്ടോബറില്‍ അര്‍ജന്റീന ടീം ചൈനയിലായിരിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. എന്നാല്‍, അര്‍ജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന് ജൂണ്‍ ആറിന് കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതേസമയം, എന്നാണ് ടീം കേരളത്തിലെത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല.
Post a Comment